പ്രിയപ്പെട്ട ഗൗതമ മുനീ ..എന്നു സ്വന്തം അമല
ജനുവരി 27, 2008
മുനിയുടെ വാവിട്ടുള്ള നിലവിളി കേട്ടുകൊണ്ടാണു നഗരം ഉറക്കം വിട്ടുണര്‍ന്നതു. പൂവന്‍ കോഴികളുടെ കുറവു നികത്താനുള്ള പരിശ്രമം അല്ല കേട്ടോ.
രാവിലേ വന്ന മെസ്സേജ് അയാളെ വേട്ടയാടി ടെറസ്സിന്റെ മുകളിളെത്തിച്ചിരിക്കുന്നു.ചന്ദ്രന്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു.നിലാവിന്റെ ചീളുകള്‍ കുത്തിയിറങ്ങി അയാളുടെ കണ്ണുകള്‍ വേദനിച്ചു.മുഖം കുനിച്ചു വാട്ടര്‍ ടാങ്കിന്റേ ഭിത്തിയില്‍ ചാരി,മൂലയിലൂടെ ഒലിച്ചിറങ്ങുന്ന ജല ധാര നോക്കി നെടുവീര്‍പ്പിട്ടു
ഗൗതമന്‍ പൊതുവേ ശാന്ത പ്രക്രുതനാണു.ദേഷ്യം വന്നാല്‍ പിന്നേ കണ്ണു കാണില്ല. സസ്യ ഭക്ഷണം നിഷിദ്ധം.പശു മാംസം നെയ്യില്‍ പൊരിച്ചു കുരുമുളകു വിതറി ടക്കീല ഗ്ലാസ്സിലൊഴിച്ചു ഉപ്പുവിതറി നാരങ്ങാ നീരൊഴിച്ചാണു പൊതുവേ ഭക്ഷണക്രമം.എന്നാല്‍ ഒരു ഉറുമ്പു പിടയുന്നതു കാണുമ്പോള്‍ അയാള്‍ക്കു സഹിക്കാനാവില്ല.ചവിട്ടിയരക്കും.സുഹ്രുത്തുക്കള്‍ അനവധി പക്ഷേ കൂട്ടുകാര്‍ ചുരുക്കം.എന്നു വച്ചാല്‍ ആരും തന്നേയില്ല.
പ്രശസ്ത മുനികള്‍ ഏകാന്തതക്കു വേണ്ടി കാടുകയറുമ്പോള്‍ അയാള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഏകാന്തതയുടേ പാരമ്യം അനുഭവിക്കുന്നു. ആരോടെങ്കിലും സംസാരിക്കണം എന്നു തോന്നുമ്പോള്‍ അയാള്‍ കാടു കയറുന്നു ആരൊടെന്നില്ലാതെ സംസാരിക്കുന്നു.ടെറസ്സില്‍ കയറി കൂവുന്നു
അങ്ങനേയിരിക്കേയാണു ഡോ അമല അയാളുടെ നെഞ്ചില്‍ സ്റ്റെതസ്കോപ്പ് അമര്‍ത്തുന്നതു.പുതിയ ജോലിയില്‍ കയറുന്നതിനുള്ള റൊട്ടീന്‍ ചെക്കപ് ആണു അല്ലാതെ ഈ പ്രായത്തില്‍ ആരുടെയേലും ഹ്രുദയത്തിനു പിടപ്പു തെറ്റുമോ.പക്ഷേ അമലയുടെ സ്റ്റെതസ്കോപ്പില്‍ അയാളുടേ നെഞ്ചു പതറി.ഒരു ആസ്ത്മ രോഗിയേപ്പോലെ കിതച്ചു. അവള്‍ പുഞ്ചിരി തൂകി പറഞ്ഞു കുഴപ്പമൊന്നുമില്ല പക്ഷേ പട്ടയടി ഉണ്ടെന്നു തോന്നുന്നല്ലോ. അധികം ആവണ്ട.ഒരു വിളറിയ ചിരി ചിരിച്ചു കൊണ്ടു അയാള്‍ പുറത്തിറങ്ങി മറഞ്ഞു.
ആ വൈകുന്നേരം അയാള്‍ക്കു സ്വസ്ഥമായീ ഇരിക്കാനായില്ല.ഒരു ഡോക്ടര്‍ എന്നതിലുപരി അവള്‍ തന്നോടു അടുപ്പം കാണിച്ചില്ലേ.താന്‍ മദ്യപിക്കുമെന്നു അവള്‍ എങ്ങനേ കണ്ടു പിടിച്ചു?.അതേപ്പറ്റി അധികം ആലോചിച്ചു തലപുണ്ണാക്കണ്ട എന്നു കരുതി അയാള്‍ ഒരു സിഗരെറ്റിനു തീ പിടിപ്പിച്ചു,ഒരു ഗ്ലാസ് ടക്കീല അകത്താക്കി,ആഞ്ഞു വലിച്ചു എല്ലാം മറന്നു.
പിന്നീടു അവര്‍ കാണുന്നതു പെഗാസ്സസ് ഹോട്ടലിന്റേ ബാങ്ക്വറ്റ് ഹാളിലാണു.അന്നു അവിടെ ഒരു പാര്‍ട്ടി നടക്കുന്നു.വെള്ളിയാഴ്ചകളുടെ പതിവു ചിട്ട തെട്ടിക്കേണ്ട എന്നു കരുതി അയാളും അവിടെയെത്തി.ഹാളിലെ ശബ്ദം കേട്ടു സുഹ്രുത്തുക്കള്‍ ആരെങ്കിലും ഉണ്ടോ എന്നു വെറുതേ നോക്കിക്കളയാം എന്നു കരുതി. പെട്ടെന്നു തന്നേ അയാള്‍ അവളെ കണ്ടു.വലിയ കണ്ണുകള്‍ മുഴുവന്‍ പുറത്തു കാണാം.വല്ല മീനാക്ഷിയെന്നോ കമലാക്ഷിയെന്നോ വേണ്ടിയിരുന്നു പേരിടേണ്ടിയിരുന്നതു..
ആരുടെയാ പാര്‍ട്ടി..
എന്റെ സീനിയറിന്റെ വിവാഹ സല്‍ക്കാരം.ഇദ്ദേഹം ഇവിടെ ?
നിന്റെ കണ്ണുകള്‍ എന്നെ ഇവിടേക്കു വിളിച്ചു..
ഹാ .. ആളു രസികനാണല്ലോ.
പിന്നേ എനിക്കു നിന്നോടു വെറുതേ ഒരിഷ്ടം…
അതിപ്പം നിങ്ങള്‍ ആണുങ്ങള്‍ക്കു പൊതുവേ ഉള്ള ഒരു രോഗമാണല്ലോ. കഴിഞ്ഞ ആഴ്ച ഇതേ പോലെ ഒരു ഡോക്ടര്‍നു പെട്ടെന്നു ഒരു രോഗിയോടു ഇഷ്ടം തോന്നി.ആളിപ്പം സസ്പെന്‍ഷനിലാണു.
ഇല്ല ഇതങ്ങനേ ഉപദ്രവകരമായ ഇഷ്ടമല്ല..തികച്ചും നിരുപദ്രവം..
ആഹ് .. കമ്പനി ചെക്കപ്പിനു വന്നതിനാല്‍ തന്നേക്കുറിച്ചു അത്യാവശ്യം കാര്യങ്ങള്‍ എനിക്കറിയാം അധികം നമ്പര്‍ വേണ്ട.ആട്ടേ രാശി ഏതാണു…
ടോറസ്സ് ..നിന്റേയോ
കാപ്രിക്കോണ്‍
ഹോ അപ്പം ഈ ചൊറിഞ്ഞ സംസാരം വര്‍ഗ്ഗ സ്വഭാവമാണു.
ഞാനും അതു തന്നേ പറയാന്‍ തുടങ്ങുവാരുന്നു. റ്റോറിയന്‍ ഈഗോക്കു കുറവൊന്നുമില്ല അല്ലേ.ഹാ എനിക്കു പോകാന്‍ സമയമായീ.
അടുത്ത ശനിയാഴ്ച ഫ്രീ ആണൊ. അല്ല ഒരു കാപ്പി കുടിക്കുന്നതില്‍ വിരോധമില്ലെങ്കില്‍ ദാ എന്റെ ബിസിനെസ്സ് കാര്‍ഡ്.മൊബൈല്‍ നമ്പര്‍ അതിലുണ്ടു ..ഒരു മെസേജ് അയച്ചാല്‍ ഞാന്‍ ഹോസ്പിറ്റലില്‍ വരാം.
ഹോ എന്തൊരു വിശാല മനസ്കത.തന്റേ മുന്നില്‍ വച്ചു കീറിക്കളയുന്നില്ല. പക്ഷേ വിളിക്കുമെന്നു പ്രതീക്ഷിക്കണ്ട.
ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റേ തൂവലാണു നീ
അയാള്‍ മെല്ലേ മൂളി..
(തുടരും)
ഡിസംബറിലേ ആദ്യത്തേ പ്രഭാതം
ജനുവരി 27, 2008
പതിവു പോലേ പ്രഭാതം പൊട്ടി വിരിഞ്ഞു.
പൊട്ടി വിരിഞ്ഞിറങ്ങാന്‍ ഇതെന്തു കോഴിക്കുഞ്ഞോ എന്നു ചോദിക്കരുതു… പ്രഭാതവും കോഴിയും ഉല്‍പ്രേക്ഷകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു . വിരിഞ്ഞിറങ്ങുന്ന കോഴി പെട്ടെന്നു തന്നെ വളര്‍ന്നു… കൂവി നാട്ടുകാരേ വിളിച്ചുണര്‍ത്തുന്നു. സര്‍വ്വ പ്രതാപത്തോടെ തിളച്ചു മറിയുന്ന പിച്ചളപാത്രത്തില്‍ സ്വയം വെന്തു സര്‍വ്വരേയും തീറ്റിപ്പോറ്റുന്നു . തളം കെട്ടി നില്‍ക്കുന്ന ചുവന്ന രക്തം കടലില്‍ പാളിച്ചു നിശബ്ദ്മായീ മറയുന്നു.
മൂടല്‍ മഞ്ഞിനു കട്ടി കൂടി വരുന്നു .രാവിലേ എഴുന്നേല്‍ക്കാനുള്ള മടിക്കും.തിരക്കു പിടിച്ചു റെയിവേ സ്റ്റേഷനിലേക്കു പോകുന്നിതനിടയില്‍ പെട്ടെന്നു റോഡരികില്‍ നിര്‍ത്തിയ കാര്‍ ശ്രദ്ധയില്‍ പെട്ടു . മധ്യ വയസ്കയായ ഒരു മദാമ്മ അരികെയുള്ള കുറ്റിക്കാട്ടിലേക്കു കയറിപ്പോവുന്നു. ശെടാ ഇതെന്തു കഥ ..
കാര്യം പിടികിട്ടി .. കുട്ടിക്കാടിനിടയില്‍ ഒരു പടു വൃദ്ധന്‍ കൂനിക്കൂടി ഇരിക്കുന്നു. പ്ലാസ്റ്റിക് ബ്ലാങ്കെറ്റുകള്‍ കൊണ്ടൂ മൂടിപ്പുതച്ചിട്ടും അയാള്‍ കിലുന്നനേ വിറക്കുന്നു.സ്ഥിരമായീ റെയില്‍ വേ സ്റ്റേഷനില്‍ തമ്പടിക്കാറാണു പതിവു. ട്രാന്‍സിറ്റ് പോലീസ് ആട്ടിപ്പായിച്ചിരിക്കണം.
സിഗ്നല്‍ ചുവന്നു…ഏതാനും നിമിഷം കൂടി ധ്രുതിക്കു വിട .. അവര്‍ അയാള്‍ക്കു ചൂടുള്ള ഒരു ബര്‍ഗര്‍ സമ്മാനിച്ചു ഒപ്പം – ബ്രാണ്ടിയോ വൈനോ ആയിരിക്കണം – ഒരു കുപ്പിയും.അയാളുടെ മുഖം ചുവന്നു ഒന്നും കേല്‍ക്കാന്‍ കാത്തു നില്‍ക്കാതെ മദാമ്മ തിരിച്ചു കാറിലേക്കു. അവരുടേ പ്രഭാത ഭക്ഷണമാവണം .. അയാളേ പെട്ടെന്നു കണ്ടപ്പോള്‍ അലിവു തോന്നി കൊടുത്തതായിരിക്കണം..
സാന്‍ ഫ്രാന്‍സിസ്കോ സ്റ്റേഷനില്‍ സാന്താ ക്ലോസിന്റേ വണ്ടിയുടേ മാത്രുകയില്‍ അലങ്കാരങ്ങള്‍ ചെയ്തിരിക്കുന്നു..
ഒരുത്തന്‍ പട്ടിയുടെ ബെല്‍റ്റില്‍ പ്ലാസ്റ്റിക് കല മാന്‍ കൊമ്പുകള്‍ പിടിപ്പിച്ചു റോളിംഗ് ബോര്‍ഡില്‍ പായുന്നു. ഒരു മിനി സാന്താ ക്ലോസ്…
എന്താണേലും എല്ലാവര്‍ക്കും ഡിസംബറിന്റേ തണുത്ത ആശംസകള്‍ ..
മടിച്ചു നില്‍ക്കാതേ മദാമ്മയേപ്പോലേ ഒരു നേരത്തേ ആഹാരം വാങ്ങിച്ചു കൊടുക്കൂ അല്ലാതേ പള്ളീപ്പോയീ കുനിഞ്ഞു നിന്നാല്‍ കര്‍ത്താവു അടുത്ത ട്രെയിന്‍ പിടിച്ചു നാടു വിടും …
നമ്പര്‍ 3 ആദിവാസി
ജനുവരി 27, 2008
വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല ….സൈഡില്‍ ഇട്ടു പോന്നു.. ട്രെയിനില്‍ കേറിയിരുന്നിട്ടും റ്റെന്‍ഷന്‍ മാറുന്നില്ല .. കഴിഞ്ഞ ആഴ്ച പാര്‍ക്കിംഗ് വയ്‌ലേഷനു കുറേ കാര്‍ വലി വണ്ടി റാഞ്ചി കൊണ്ടു പോകുന്നതു കണ്ടതാണു…
കൂടെ സീറ്റില്‍ ഒരു കൊലുന്നനേയുള്ള മദാമ്മക്കുട്ടി ഇരിക്കുന്നു.. കാമുകന്റേ പ്രശനങ്ങള്‍ മറ്റാരോടോ വിളിച്ചു പറയുന്നുണ്ടു .. ചെവിതല കേക്കണ്ടല്ലോ എന്റേ കൊച്ചേ …ഹെഡ് സെറ്റ് വച്ചു സംഗീത കോലാഹലം കൊണ്ടു അവളുടെ കോലാഹലം ഒതുക്കി…
ലാപ്ടോപ് തുറന്നു . ഗൗതമന്റേ പ്രണയം രണ്ടാം ഭാഗം കാച്ചാം എന്നു വച്ചതാണു … അപ്പോല്‍ അവള്‍ക്കറിയണം ഞാന്‍ അറബി ആണോ എന്നു.. എന്റേ പൊന്നു കിലുകൊലു അറബി വലത്തൂന്നു ഇടത്തോട്ടാ എഴുതുന്നതു .ഞാന്‍ നേരേ ചൊവ്വേ അല്ലേ എഴുതുന്നതു…
ഇതു ഇന്‍ഡ്യയിലേ കുറെ ആദിവാസികള്‍ എഴുതുന്ന ഭാഷയാണൂ. ഞാന്‍ അവിടുത്തേ നമ്പര്‍ 3 ആദിവാസി ആണൂ.. അവള്‍ക്കു സമാധാനമായീ…. ഇനി അവള്‍ക്കറിയേണ്ടതു ഞാന്‍ എഴുതുന്നതു വീട്ടിലേക്കാണോ എന്നാണു..
ഇല്ല നാട്ടില്‍ ഒരാള്‍ക്കു മാത്രമേ വായിക്കാന്‍ അറിയുള്ളു .രാവിലേ എഫ് എം റേഡിയോയില്‍ കത്തു വായിക്കും അങ്ങനേയാണൂ വിവര സം പ്രേഷണം..
ഓഹോ അങ്ങൈനേയോ അവള്‍ കൂതൂഹലപ്പെട്ടു .. ആട്ടെ എങ്ങോട്ടാ ഈ വെളുപ്പാന്‍ കാലത്തു ഞാന്‍ ചോദിച്ചു ….
ക്ലാസ്സ് ഉണ്ടു.. ഞാന്‍ ക്ലിനിക്കല്‍ സൈക്കോളൊജി മേജര്‍ ചെയ്യുന്നു …
അപ്പം എന്നേ അളക്കാനാണൂ ഭാവം … ഞാന്‍ ശരിയാക്കിത്തരാം .. കാമുകനോടു പിണക്കമാണോ….
എയ് അങ്ങനെയൊന്നുമില്ല അവന്‍ ഭയങ്കര വാശിക്കാരാനാണു ..ഞങ്ങടെ എംഗേജ്‌മന്റ് കഴിഞ്ഞു ….
അവന്‍ ജോലി ചെയ്യുവാണോ ..അല്ല സാന്‍ ഹൊസേ സ്റ്റേറ്റ് ഊണിവേഴ്സിറ്റിയില്‍ പഠിക്കുന്നു..
കൊള്ളാം എന്റേ നാട്ടിലെങ്ങാനും ആരുന്നേ നിന്റേ അപ്പന്‍ അവന്റെ മുട്ടുകാലു തല്ലിയൊടിച്ചേനേ.. ജോലിയും കൂലിയും ആവുന്നതിനു മുമ്പാണോ പ്രേമം എന്നു ചോദിച്ച്…
അവള്‍ ചിരിച്ചു…
പിന്നേ അവള്‍ സഞ്ചിയില്‍ നിന്നും ഒരു സാധാനം എടുത്തു കാണിച്ചു .. ഇതു എങ്ങനെയുണ്ടു .. അതു എന്താണൂ എന്നു ചോദിക്കണം എന്നു വച്ചതാണു ..വിഷമിപ്പിക്കണ്ടാ എന്നു കരുതി മനോഹരം ഇതു പോലെരണ്ണം കഴിഞ്ഞ ജലദോഷത്തിനു ശേഷം കണ്ടിട്ടില്ല എന്നു പറഞ്ഞു .. കമ്പിളി തൊപ്പി തുന്നിയതാണൂ.. പാവം കുറെ കഷ്ടപ്പെട്ടാണു പ്രേമിക്കുന്നതു …. വണ്ടി സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തി.. ചാടിയിറങ്ങി …
ഇന്നു ഒരു ആര്‍ക്കിടെക്റ്റുമായീ തല്ലു കൂടി… അവന്റെയൊക്കെ വിചാരം ഇന്ത്യക്കാരെല്ലാം കൂലികള്‍ ആണെന്നാ.. നിന്റെ ഡിസൈനും വച്ചു പ്രോജെക്റ്റ് ചെയ്താല്‍ പിന്നേ കുഴി മാന്തുന്നതാ ഭേദം .. പ്രൊജെക്റ്റിന്റേ ശവമടക്കം ചെയ്യാന്‍..
വൈകുന്നേരം മൊത്തത്തിലേ അലങ്കോലമായീ .. ട്രെയിനില്‍ വച്ചു മൊബൈല്‍ മറന്നു .. ഇനി നാളേ സ്റ്റേഷനില്‍ ചോദിച്ചു നോക്കാം .. ഇതിപ്പം കൊല്ലം മൂന്നു തവണയായീ ഫോണ്‍ പോകുന്നു.. തലേടെ പരിപ്പിളകിയോ
ഗൗതമന്റേ വിലാപം
ജനുവരി 27, 2008
രണ്ടു ദിവസം കഴിഞ്ഞു .. എന്നെ ഓര്‍ത്തു കിടക്കുവാണോ… നിരുപദ്രവമായ ഒരു മെസ്സേജ് .. പക്ഷേ അതിലൂടെ എത്ര കാര്യങ്ങള്‍ തിലോത്തമ പറഞ്ഞു കഴിഞ്ഞു .. ഇങ്ങേരേ എനിക്കു പിടിച്ചു എന്നു .. ഞാന്‍ ഇപ്പോള്‍ നിന്നേം ആലോചിച്ചു തലയിണയില്‍ മുഖമമര്‍ത്തി കിടക്കുകയാണെന്നു..എന്റേ സെല്‍ നമ്പര്‍ അയിയില്ലേ .. ഒന്നു വിളിച്ചു കൂടെ എന്നു .. അടുത്ത ആഴ്ച ബീച്ചിലുള്ള റഷീദിന്റേ പീടികയില്‍ നിന്നും സുലൈമാനിയോ ബ്രൂ കാപ്പിയോ കുടിച്ചു സൂര്യാസ്തമയം ഒരുമിച്ചു കണ്ടാലോ എന്നു…
അമാന്തിച്ചില്ല നമ്പര്‍ ഞെക്കി .. സുന്ദരിക്കോതേ ശനിയാഴ്ച…
ഉം .. അവള്‍ സമ്മതം മൂളി …
പിന്നേയുള്ള മൂന്നു ദിവസം മൊബൈല്‍ ദൂതുകള്‍ ചിറകിട്ടടിച്ചു പറന്നു. അന്തരീക്ഷം പനിനീര്‍ മണം കൊണ്ടു നിറഞ്ഞു.. മയില്‍പീലികള്‍ ഗൗതമനേ തഴുകി ഉറക്കി .. പ്രണയ ഗാനങ്ങള്‍ സ്റ്റീരിയോഫോണിക് സൗണ്ടില്‍ മുറിക്കുള്ളില്‍ അലയടിച്ചു.മുറിക്കുള്ളില്‍ അല്ലാത്ത സമയങ്ങളില്‍ മനസ്സില്‍ തിരതല്ലി… ആകെക്കൂടി കണിക്കൊന്ന പൂത്ത അവസ്ഥ…
ശനിയാഴ്ച വൈകുന്നേരം അമല പറഞ്ഞ സമയത്തു തന്നേ ബീച്ചിലെത്തി…ഗൗതമന്‍ അതിനും ഒരു മണിക്കൂര്‍ മുന്‍പേ റഷീദിന്റെ പീടികയില്‍ എത്തി വില്‍പന സാമാനങ്ങളുടെ ഗുണ വില വിവരം തിട്ടപ്പെടുത്തി. അതയാളുടേ ഒരു പതിവു വിനോദമാണു ,ആഗോള വല്‍കരണത്തേക്കുറിച്ചു അയാള്‍ പറയുന്നതു മുഴുവന്‍ റഷീദ് വായും പൊളിച്ചു കേട്ടുനില്‍ക്കും.അമേരിക്കയില്‍ നിന്നും പപ്പടം ഇറക്കുമതി തുടങ്ങിയാല്‍ പട്ടിണിയിലാവുന്ന പണ്ടാരങ്ങളേ ഓര്‍ത്തു രണ്ടുപേരും ഒരുമിച്ചു സങ്കടപ്പെടും. ഇറാഖിലേ അമേരിക്കന്‍ അധിനിവേശം തികച്ചും മോശമായീപ്പോയീ എന്നു വാദിക്കും.
എന്തേ കാണണം എന്നു പറഞ്ഞതു.. അവള്‍ കൊഞ്ചി.
ഒന്നുമില്ല വെറുതേ ഒന്നു കാണാന്‍ വേണ്ടി മാത്രം .. അല്ല ഇതു ചോദിക്കാനാണോ നീ ഇതു വരെ വന്നതു..
അമല മന്ദഹസിച്ചു… നിനക്കു ഇതില്‍ കൂടുതലെന്തെങ്കിലും പറയാനുണ്ടാവും എന്നു കരുതി..
മന്ദാകിനീ നീ ചില്ലറക്കാരിയല്ലല്ലോ .. ഹാ പറയാനുണ്ടു .. നോക്കൂ അമല നമ്മളിരുവരും പ്രായപൂര്‍ത്തി ആയവരാണു … നിന്നെ എനിക്കിഷ്ടമായീ ഒരുമിച്ചൊരു ജീവിതം നമുക്കാലോചിച്ചു കൂടെ….
ആലോചിക്കുന്നതില്‍ ആര്‍ക്കും തെറ്റു പറയാനാവില്ല പക്ഷേ നടക്കണ്ടേ സാറെ…ഏന്താണേലും എന്റെ PG തീരാന്‍ ഇനി ഒരു വര്‍ഷം സമയമുണ്ടു…
ഇല്ല നീ ഇപ്പോഴൊരു മറുപടി തരണ്ട.. സമയമെടുത്തു ആലോചിച്ചു മതി….
മഴ പെയ്തും , ചില്ലകള്‍ വിവസ്ത്രരായും , ഇലച്ചാര്‍ത്തുകള്‍ തളിരുകള്‍ ചൂടിയും , പൂക്കള്‍ കൊഴിഞ്ഞും , മാമ്പഴം പഴുത്തും കൊല്ലം ഒരെണ്ണം കഴിഞ്ഞു …
നിന്റേ നെഞ്ചില്‍ തല ചായ്ക്കുമ്പോള്‍ ഞാന്‍ എന്നേ തന്നേ മറന്നു പോകുന്നു -അമല
നിന്റെ മുടിയിഴകളുടെ സൗരഭ്യം എന്നേ ലഹരി പിടിപ്പിക്കുന്നു -ഗൗതമന്‍ …
എന്നാല്‍ എന്റേ ഷാമ്പൂ ബ്രാന്‍ഡ് ഒരെണ്ണം വാങ്ങി വീട്ടി വച്ചോ …പിന്നേ പട്ടയടിക്കേണ്ട വരില്ല – അമല
പ്രണയം ഒരു സങ്കോചവുമില്ലാതേ പടര്‍ന്നു കയറി.. ആളിക്കത്തി…
പൊടുന്നനേ അവള്‍ അപ്രത്യക്ഷ്യയായീ…ഹോസ്പിറ്റലില്‍ അന്വേഷിച്ചപ്പോള്‍ കോഴ്സ് കഴിഞ്ഞു നാട്ടില്‍ പോയീ എന്നു അറിഞ്ഞു.. എന്നാണു തിരിച്ചു വരുന്നതു എന്നറിയില്ല…ഒരാഴ്ചയായീ മോബൈലില്‍ വിളിച്ചിട്ടു കിട്ടുന്നുമില്ല… ഗൗതമന്‍ ആകുലനായിരുന്നു …അങ്ങനേയിരിക്കേയാണു ആ മെസ്സേജ് അയാളെ തേടി എത്തുന്നതു.
പ്രിയപ്പെട്ട ഗൗതം – ഗൗ എന്നു വിളിച്ചില്ലല്ലൊ എന്നു വച്ചു സമാധാനിക്കാം …
നിന്നേ നേരിട്ടു കണ്ടു ഇതു പറയാന്‍ എനിക്കു ധൈര്യം പോര …കഴിഞ്ഞ ഒരു മാസമായീ ഞാന്‍ ഉറങ്ങിയിട്ടില്ല… നിന്നോടു പറയാന്‍ പറ്റാത്ത ചില കാരണങ്ങാളാല്‍ എനിക്കു ഈ ബന്ധം ഉപേക്ഷിക്കാതേ വയ്യ , ഇനി നമ്മള്‍ പരസ്പരം കാണില്ല… ഇതു വരേ തന്ന നല്ല നിമിഷങ്ങള്‍ക്കു നന്ദി.. നിന്നേ ഒരിക്കലും മറക്കാന്‍ എനിക്കാവില്ല …എങ്കിലും മറക്കാതേ വയ്യ…
ഗൗതം അഥവാ ഗൗതമന്‍ അഥവാ ഗൗതമ മുനി ആ മെസ്സേജ് പലവുരു വായിച്ചു…തലയും വാലും കിട്ടാതേ അയാള്‍ മുറിക്കുള്ളില്‍ പരവേശപ്പെട്ടു നടന്നു.ഒഴിഞ്ഞ കുപ്പികളുടെ എണ്ണം കൂടി .. ഒടുവില്‍. അയാള്‍ ടെറസ്സില്‍ കേറിയിരിക്കുകയാണു .. ഏതു നിമിഷവും അയാള്‍ താഴെയിറങ്ങി വരാം .. അല്ലെങ്കില്‍ ഒരു പക്ഷേ അയാള്‍ അവിടെത്തന്നേ സ്ഥിര താമസമാക്കാനും മതി…
നിലവാരം കൂടിയ തള്ളലുകള്‍
ജനുവരി 27, 2008
ഇന്നു വണ്ടി തള്ളി മടുത്തു.ജീവിതം പുരോഗമിക്കുന്നു എന്നുള്ളതിന്റേ എത്ര നല്ല തെളിവാണു തള്ളുന്ന വണ്ടികള്‍.
2 മുതല്‍ 12 വരേ ഉള്ള പ്രായത്തില്‍ ഈര്‍ക്കില്‍ കോര്‍ത്ത ഡാല്‍ഡ പാട്ടകള്‍ കമ്പു കുത്തി കിഴിച്ചു,അയല്‍ പക്കങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകള്‍ വട്ടത്തില്‍ മുറിച്ചു ചക്രം ചേര്‍ത്തു, എത്ര അന്തസ്സോടെയാണു കശുമാങ്ങയും,കണ്ണന്‍ മാങ്ങയും, ആകാശ വെള്ളരിയും അടങ്ങുന്ന ചരക്കുകള്‍ തള്ളി നീക്കി വീടു വീടാനന്തരം ഇന്‍ക്വിലാബ് വിളിച്ചു നടന്നതു.
നേര്‍ത്ത ചക്രങ്ങളില്‍ ചക്രവാളങ്ങളെ കീറിമുറിച്ചു നീങ്ങുന്ന ചെത്തുകാരന്‍ കൃഷ്ണന്റേ സൈക്കിള്‍ നോക്കി നിന്നു വെള്ളമിറക്കി നിന്നു തുടങ്ങിയപ്പോള്‍ ഒരു സൈക്കിള്‍ കനിഞ്ഞനുവദിക്കപ്പെട്ടു.അഭ്യാസ പഠനത്തിന്റേ ആദ്യ അധ്യായങ്ങളിലൊന്നില്‍ നിരന്നു കിടന്ന ചരലുകളില്‍ അടിതെറ്റി ആര്‍പ്പുവിളികളുടെ അകമ്പടിയോടെ പാറക്കഷണങ്ങള്‍ക്കു മീതേ പരുന്തിനേപ്പോലേ പാടത്തു പറന്നിറങ്ങിയപ്പോള്‍ എന്താണു ചുറ്റിലുള്ള പെണ്ണുങ്ങള്‍ ഇത്ര പൊട്ടിച്ചിരിക്കാന്‍ എന്നു മനസ്സിലായില്ല.
മുട്ടിനു വേദന തോന്നി തിരുമ്മാന്‍ കുനിഞ്ഞപ്പോള്‍ ആണു ലുങ്കി അതിനനുവദിച്ചിരിക്കുന്ന ചുട്ടുപാടുകളില്‍ നിന്നും ചിറകിട്ടടിച്ചു പറന്നു പൊങ്ങി പാടത്തു ഇടിച്ചിറങ്ങിയ വിവരം അറിഞ്ഞതു.മുട്ടത്തു വര്‍ക്കിപോലും ഇത്രയും സങ്കോചമില്ലാതെ നിന്നിട്ടുണ്ടാവില്ല.കവലകളില്‍ കൂടി സൈക്കിളില്‍ കൈ തൊടാതേ കുതിച്ചു നീങ്ങുന്ന എന്നെ നോക്കി പെണ്‍കുട്ടികള്‍ പുഞ്ചിരിച്ചിരുന്നതു ആരാധന കൊണ്ടാണു എന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.അതോ അവരെല്ലാം എന്നേ പരിഹസിക്കുകയായിരുന്നോ?.എന്താണേലും 21 വയസ്സുവരെ സൈക്കിള്‍ പലതവണ തള്ളി,കുന്നിന്‍പുറത്തു ചവിട്ടിക്കേറ്റാന്‍ ആരോഗ്യമില്ലാതെയും,അല്ലാത്തപ്പോള്‍ സൂചി പഞ്ചര്‍ എന്ന പ്രതിഭാസം മൂലവും,ചിലപ്പോള്‍ പയ്യന്‍ സംഘങ്ങളുടെ കൂടെ നടക്കാനും…
ജീവിത നിലവാരം പിന്നീടു ഉയര്‍ന്നതു ബൈക് തള്ളിക്കൊണ്ടാണു. ജോലിക്കു പോകാന്‍ ഒരു ബൈക്ക് എതൊരു ചെറുപ്പക്കാരന്റേയും സ്വപ്നം.എം സി റൊഡിന്റേ വളവു തിരിവുകളില്‍ പല തവണ മൂക്കും കുത്തി വീണു.കൈപ്പിടി ഒരു തവണ 180 ഡിഗ്രി കോണ്‍ തിരിഞ്ഞു.തള്ളല്‍ അവിടേ ആരംഭിച്ചു.
അതു പറഞ്ഞപ്പോളാണു ഒരു ശിവശങ്കരനേ ഓര്‍മ വന്നതു.നാറാണത്തു ഭ്രാന്തനു ശേഷം ആരു എന്നു.. ഇദ്ദേഹത്തേ കണ്ടുമുട്ടിയ ആരും ചിന്തിച്ചു വിഷമിച്ചിട്ടുണ്ടാവില്ല.ഇദ്ദെഹത്തിന്റേ ബുള്ളറ്റ് ബൈക്കിനു ആദ്യകാലങ്ങളില്‍ നിര്‍വചിക്കപ്പെടാത്ത മെയിലേജ് ലഭിച്ചിരുന്നു.എന്തിനധികം പറയുന്നു വെറും കാലി ടാങ്കുമായീ അദ്ദേഹം മദിരാശി വരേ പോയിരിക്കുന്നു.വളരേ നാളത്തേ അന്വേഷണത്തിനൊടുവില്‍ രഹസ്യം പിടികിട്ടി അദ്ദേഹം ബൈക്ക് തള്ളിയാണു സഞ്ചരിക്കുന്നതു.കയറ്റങ്ങള്‍ സൈക്കിള്‍ കണക്കേ ഉന്തി കയറ്റുന്നു.ഇറക്കമുള്ളിടത്തു കയറിയിരുന്നു തള്ളി നീക്കുന്നു,പ്രശസ്തമായ മന്തുകാല്‍ ഉയര്‍ത്തി പൊട്ടിച്ചിരിക്കുന്നു.
ഇതാ ഇന്നു സാന്‍ ഹോസേയില്‍ നാല്‍ചക്ര വാഹനം തള്ളുന്നതിലേക്കു ജീവിത നിലവാരം.ഉയര്‍ന്നിരിക്കുന്നു.പാര്‍ക്ക് ചെയ്തപ്പോള്‍ ഹെഡ് ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്നു എന്ന ഒറ്റക്കാരണത്താല്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് രഹിതമായിരിക്കുന്നു.ഇതു ആദ്യത്തേ തവണയല്ല.ആക്സിലറി പിടിപ്പിച്ചിട്ടും രക്ഷയില്ല.ഒടുവില്‍ തള്ളി നിരത്തിലിറക്കി ജമ്പ്സ്റ്റാര്‍ട്ട് ചെയ്തു. ഭക്ഷണം കഴിച്ചു ..വീണ്ടും സ്റ്റാര്‍ട്ട് ആവുന്നില്ല.വീണ്ടും തള്ളല്‍.
തള്ളലിന്റേ നിലവാരം മാത്രമല്ലേ കൂടിയതു എന്നു സംശയിച്ചു പോകുന്നു.
wilderness
ജനുവരി 27, 2008
wilderness എന്ന ഇംഗ്ലീഷ് പദം എങ്ങനേ തര്‍ജ്ജുമ ചെയ്യും എന്നു എനിക്കറിയില്ല.കാനനത എന്നതു കുഴപ്പമില്ല എന്നു തോന്നുന്നു.
വെള്ളിയാഴ്ച ഉച്ചയോടേ ഓഫീസ് വിജനവും ശൂന്യവും നിശബ്ദവും ഏകാന്തവും ആയിരുന്നു.ആളൊഴിഞ്ഞ പൂരപ്പറമ്പു പോലേ.അല്ലെങ്കില്‍ മഞ്ഞപ്പിത്തം വന്നു വിളറിയ ഒരു കുട്ടിയേപ്പോലേ…
രണ്ടു മണിയോടേ ഞാന്‍ ബോറടിച്ചു മരിച്ചോ എന്നറിയാന്‍ നാലഞ്ചു തവണ നുള്ളി നോക്കി. മൂന്നു മാസം മുമ്പു ഒരു മെക്സിക്കന്‍ ബാറിനു മുമ്പില്‍ കൂടി വണ്ടിയോടിച്ചതു മൂലം നിമിഷ നേരത്തേക്കു ഉളവായ അസ്ത്രപ്രജ്നതയില്‍ പച്ച നിറത്തില്‍ ഞാന്‍ കണ്ട ട്രാഫിക് സിഗ്നല്‍ പൊലീസുകാരനു ചുവപ്പായീ തോന്നിയതിനാല്‍ ഒരു ടിക്കറ്റ് കിട്ടി.
ആദ്യമായീ നിയമം ലംഘിച്ചവനു കിട്ടുന്ന ഒരു ഔദാര്യം – ഒരു ട്രാഫ്ഫിക് സ്കൂളില്‍ പോയീ പഠിച്ചു പരണം വന്നാല്‍ ടിക്കറ്റ് നിരുപദ്രവം ആവും. ഇന്റര്‍നെറ്റില്‍ പൊയീ ഓണ്‍ലൈന്‍ ആയീ ട്രാഫിക് സ്കൂളില്‍ പോയീ .പക്ഷേ പരീക്ഷ എഴുതാന്‍ ഉ പി എസ് കുറിയര്‍ കമ്പനിയുടേ ഓഫിസ്സില്‍ പോവണം.
ശനിയാഴ്ച്ച പുലരേ തന്നേ എഴുന്നേറ്റു .കുളിക്കുന്നതായീ മനസ്സില്‍ സങ്കല്‍പിച്ചു ശരീരവും മനസ്സും ശുദ്ധി വരുത്തി. കാപ്പി കുടിച്ചു.ലൈബ്രറിയിലും പോവേണ്ടതുണ്ടു.വളരെ ആഗ്രഹത്തോടെ വായിക്കാന്‍ എടുത്ത പുസ്തകങ്ങള്‍ മേശപ്പുറത്തു കിടന്നു വാവിട്ടു നിലവിളിക്കുന്നു.
തിരിച്ചു കൊടുത്തേക്കാം ..എന്റെ കയ്യില്‍ നിന്നും ശാപമോക്ഷം കിട്ടട്ടെ.മുറി ഒന്നു വൃത്തിയാക്കേണ്ടതുണ്ടു… വസ്ത്രങ്ങള്‍ പലതും അലക്കു പൊടിയുടെ ഗന്ധമറിഞ്ഞിട്ടു നാളുകളായീ.
വണ്ടി കഴുകണം…മണ്ണു പൂശിയതിനു എത്രയായീ എന്നു അപരിചിതര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു .
ഇത്യാദി നല്ല ചിന്തകളോടേ രാവിലേ തന്നേ വീട്ടില്‍ നിന്നിറങ്ങി.തിങ്കളാഴ്ച്ച അവധി ദിനം(അമേരിക്കന്‍ തൊഴിലാളി ദിനം) ആയതിനാല്‍ നാട്ടുകാരൊക്കേ കെട്ടും ഭാണ്ടവും മുറുക്കി യാത്രയായീക്കഴിഞ്ഞു . സാധാരണ ദിവസങ്ങളില്‍ വട്ടു നിറച്ച കുട്ട മറിഞ്ഞു വീണാലെന്ന പോലെ ഉരുണ്ടു നീങ്ങിയകലുന്ന വാഹനപ്പട കാണാനില്ല..വാഹനങ്ങളും ജനവും പടിയിറങ്ങിയതോടേ ആര്‍പ്പും ആരവും നിലച്ച നഗരം ശരീരം ചുക്കി ചുളിഞ്ഞ ഒരു വൃദ്ധയേപ്പോലേ വികൃതമായീ കാണപ്പെട്ടു.
പരീക്ഷ എഴുതി… ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരിച്ചേല്‍പിച്ചു.ഇനിയെന്തു എന്നു ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.രണ്ടര ദിവസം രക്തം വറ്റിയ വൃദ്ധയുടെ തലയില്‍ അരിക്കുന്ന പേനിനേപ്പോലെ ആവും ഇവിടെ നിന്നാല്‍ അവസ്ഥ.
ഒടുവില്‍ ഡിസ്കവറി ചാനെലില്‍ വംശ നാശം വന്ന ന്യൂസിലന്റ് പക്ഷി വര്‍ഗ്ഗങ്ങളെ ഓര്‍ത്തു വിലപിച്ചു കൊണ്ടിരുന്ന സുഹ്രുത്തിനേ ഫോണില്‍ വിളിച്ചു.മനുഷ്യന്റെ കാടത്തം അതിരു കവിയുന്നു എന്നു… മനുഷ്യന്റേ കാടത്തം നഷ്ടപ്പെട്ടതാണു കാരണം… ഞാന്‍ വാദിച്ചു.കാടിനു അനുയോജ്യമായ ജീവിത രീതിയാണല്ലോ കാടത്തം.അപ്പോള്‍ കാടന്മാരയീ ജീവിക്കാന്‍ തയ്യാറല്ലാത്തതാണു മനുഷ്യനും ഇതര ജീവ വംശങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റേ മുഖ്യ കാരണം എന്നു വരുന്നു.
ഇവിടെ കാടുണ്ടൊ എന്നതിലേക്കു സംസാരം വഴുതി.കാലിഫോര്‍ണിയയുടേയും അയല്‍ സംസ്ഥാനമായ ഓറിഗണിന്റേയും ഭൂമിശാസ്ത്രം പരിശോധിച്ചു.കുറെ ഭാഗങ്ങളില്‍ കാനനത എന്നു രേഖപ്പെടുത്തിയിരിക്കുന്നു.ഇവിടെ കാടില്ല കാനനതയാണുള്ളതു.എന്നാല്‍ ആ കാനനത ഒന്നു കണ്ടു കളയാന്‍ തന്നേ ഞങ്ങള്‍ തീരുമാനിച്ചു.അങ്ങനേ ശനിയാഴ്ച മദ്ധ്യാഹ്നത്തോടേ ഞങ്ങള്‍ നൂറ്റൊന്നാം നമ്പര്‍ ഫ്രീ വേയിലൂടെ യാത്ര ആരംഭിച്ചു…ഞങ്ങളെ കാത്തിരുന്ന കൗതുകങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു……(തുടരും)
വന്യത -2
ജനുവരി 27, 2008
മൂന്നാലു ദിവസമായീ യാത്രയിലായിരുന്നതിനാല്‍ അടുക്കള വൃത്തിയാക്കാന്‍ പറ്റിയില്ല.ആഴ്ചയിലൊരിക്കല്‍ മാത്രമാണു ഈ വൃത്തിയാക്കല്‍ എന്നറിഞ്ഞാലേ സംഗതിയുടെ ഗൗരവം മനസ്സിലാവൂ.ഓടിക്കേറി വീട്ടിലെത്തി അതേ വേഗതയില്‍ തിരിച്ചിറങ്ങി.അസഹനീയമായ ദുര്‍ഗന്ധം.ചോറു വച്ചു.വാഷ് ബേസിനില്‍ അടിഞ്ഞു കൂടിയ പാത്രങ്ങള്‍ കഴുകി ഉണക്കി.
അല്‍പം സമാധാനം…
അങ്ങനേ നൂറ്റൊന്നാം നമ്പര്‍ ഫ്രീ വേയിലൂടെ ഞങ്ങള്‍ വടക്കന്‍ കാലിഫോര്‍ണിയെയിലേക്കു തിരിച്ചു.മില്‍ വാലി എന്ന ചെറുപട്ടണത്തിനപ്പുറം 101-ല്‍ നിന്നും തീരദേശ പാതയായ 1 -ലേക്കു കയറി.ചെങ്കുത്തായ പാറക്കെട്ടുകള്‍ ഒരു വശത്തു ..തിരമാലകള്‍ അലതല്ലി പസഫിക് മഹാ സമുദ്രം മറു വശത്തും. 1-ലൂടെ സാന്‍ഫ്രാന്‍കിസ്കൊയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്കുള്ള യാത്രയും ഇതുപൊലേയാണെങ്കിലും ഇത്രയോളം ആവേശ ജനകമല്ല.
പലസ്ഥലങ്ങളിലും വേലിക്കെട്ടുകള്‍ ഒന്നും തന്നേയില്ല . റോഡാകട്ടേ പലയിടത്തും പെരുമ്പാമ്പിനേപ്പോലേ വളഞ്ഞു പിരിഞ്ഞാണു കിടപ്പ്.അതിനും പുറമേ പാറക്കെട്ടുകള്‍ക്കു മീതേയാണു റോഡ്.ഇങ്ങനേയുള്ള റോഡില്‍ കൂടി സ്പോര്‍ട്സ് കാറുകളില്‍ 100 കിലോ മീറ്റര്‍ സ്പീഡിനു മീതേ ഭൂരിഭാഗം സായിപ്പന്മാരും വച്ചു പിടിപ്പിക്കുന്നു.ഒന്നു തെറ്റിയാല്‍ കടലില്‍…വെള്ളം കുടിച്ചു ചാകാം എന്നു കരുതി സമാധാനിക്കണ്ട.വീഴുന്നതു പാറക്കല്ലുകള്‍ നിറഞ്ഞ കൊക്കകളിലേക്കു ആവും.
പോയിന്റ് റെയ്സ് എന്ന വന്യതയില്‍(ഇതിനു തൊട്ടു മുമ്പുള്ള കുറിപ്പില്‍ വന്യതയേക്കുറിച്ചുള്ള ‘പുള്ളി’യുടെ കമന്റ് വായിക്കുക) എത്തി ചേര്‍ന്നു. പക്ഷി സങ്കേതം ആണു.നാനാ ജാതി വര്‍ണ്ണങ്ങളിലുള്ള പക്ഷികള്‍ പാറിപ്പറക്കുന്നതു കാണാന്‍ മാനത്തു നോക്കി കുറെ നേരം നടന്നു.ഒരു കാട്ടു കോഴിയേപൊലും കണ്ടില്ല.നേരം ഇരുട്ടുന്നതിനു മുമ്പായീ ഇനിയുമേറേ ദൂരം പോകണം.
സൊനൊമോ കൗണ്ടിയുടെ അതിരുകള്‍ കഴിഞ്ഞു മെണ്ടൊസിനോ കൗണ്ടിയില്‍ എത്തി.സൊനൊമോയും നാപയും ഉള്‍പ്പെടുന്ന പ്രദേശം മുന്തിരിക്കൃഷിക്കു പേരു കേട്ടതാണു.വൈന്‍ കൗണ്ടികള്‍ എന്നാണു അറിയപ്പെടുന്നതു തന്നേ. നാപ്പാ വാലിയിലേ വീഞ്ഞിനു പെരുമ വാനോളം.
മലയാളി ചന്ദ്രനില്‍ പെട്ടിക്കട തുടങ്ങും എന്നൊക്കേ വീരവാദം മുഴക്കാം.പെട്ടിക്കടകള്‍ പഞ്ചാബി ധാബകള്‍ക്കു ബഹുദൂരം പിന്നില്‍ ആണു…വടക്കന്‍ കാലിഫോര്‍ണിയയുടെ വന്യമായ നിഗൂഡതയില്‍ അതാ ഒരു സര്‍ദാര്‍ തണ്ടൂരി റെസ്റ്ററന്റ്.കുല്‍ചയും ചുട്ട കോഴിയും മട്ടന്‍ കറിയും കഴിച്ചു.അടുത്തെവിടെയേലും കാമ്പിങ്ങിനു പറ്റിയ സ്ഥലം ഉണ്ടോ എന്നന്വേഷിച്ചു.ഫോര്‍ട് ബ്ബ്രാഗ്ഗിനടുത്തു കാണും എന്നു സര്‍ദാരിണി.
വഴി മദ്ധ്യേ ഒരു സായിപ്പു കുടിച്ചു പൂസായീ കാറില്‍ കിടക്കുന്നു.ചേട്ടാ ഇവിടേ അടുത്തെവിടെയേലും പെട്രോള്‍ കിട്ടുമോ എന്നന്വേഷിച്ചു.ആതു കിട്ടാത്തതു കൊണ്ടാണു ഞാന്‍ പെരു വഴിയില്‍ ടോവിംഗ് ട്രക്(വലി വണ്ടി)-നു കാത്തു കിടക്കുന്നതു എന്ന മറുപടി കിട്ടി
ഫോര്‍ട് ബ്രാഗ്ഗിലെത്തിയപ്പോഴേക്കും നേരം ഇരുട്ടി.പെട്രോള്‍ അടിച്ചു.പറ്റിയ സ്ഥലം കിട്ടാത്തതിനാല്‍ കാമ്പിംഗ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.തീരദേശത്തുള്ള എല്ലാ ഹോട്ടലുകളും നിറഞ്ഞു എന്നു മുറി കിട്ടുമോന്നറിയാന്‍ ചെന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പറഞ്ഞു.ഇനി ഉള്‍നാടന്‍ പ്രദേശങ്ങളില്‍ എവിടേലുമേ സാധ്യതയുള്ളൂ.ഗേണ്‍ വില്‍ വരേ തിരിച്ചു ഡ്രൈവ് ചെയ്തു.116-ം നമ്പര്‍ ഹൈ വേ യില്‍ കൂടി വീണ്ടും 101 ലേക്കു തിരിച്ചു.
116 കാട്ടില്‍ കൂടിയാണു പലയിടത്തും ഒരു വരി മാത്രമേ ഉള്ളൂ…സെബസ്റ്റോപോള്‍ സാന്റാ റൊസ എന്നീ ചെറു നഗരങ്ങളില്‍ അന്വേഷിച്ചു.ഒരു രക്ഷയുമില്ല.101ല്‍ വീണ്ടും വടക്കോട്ടു തിരിച്ചു.ഓറിഗണ്‍ വരേ രണ്ടു മണിക്കൂര്‍ മാറി മാറി ഡ്രൈവ് ചെയ്യാം എന്നു കരുതി.ഊക്കയ്യ എന്ന നഗരം പിന്നിട്ടു. ഇനി അടുത്ത നഗരം യുറേക്ക.
യുറേക്കയില്‍ എത്തുന്നതിനു മുമ്പേ ഒരു ഹോട്ടലില്‍ മുറി കിട്ടി.നല്ല ക്ഷീണം.. പെട്ടെന്നു ഉറങ്ങി.രാവിലേ 8 മണിയോടേ വീണ്ടും യാത്ര തുടങ്ങി.പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ ഒക്കെ നിര്‍ത്തി വളരേ പതിയേ ആണു യാത്ര…
ഒടുവില്‍ ഓറിക്ക് എന്ന പട്ടണത്തിലെത്തി.പട്ടണം എന്നു വെറുതേ പറഞ്ഞതാണു.ആകെ ജനസംഖ്യ 600.ഒന്നു രണ്ടു കടകള്‍.ആയിരം വര്‍ഷം പഴക്കമുള്ള ഒരു റെഡ് വുഡ് മരത്തിന്റെ ഒരു ചെറിയ മുട്ടി വഴിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.വ്യാസം ഏകദേശം രണ്ടര ആള്‍പൊക്കം.വന്യതയുടെ ആരംഭം ഈ കൊച്ചു പട്ടണത്തില്‍ നിന്നാണു (തുടരും….).
മടക്ക യാത്ര
ജനുവരി 27, 2008
കുറെ ദിവസമായീ എഴുതി വച്ചിട്ടു…ഒരാവൃത്തി ഒന്നു വായിച്ചു നോക്കാന്‍ സമയം കിട്ടണ്ടേ..ഒരു പ്രോജക്ട് മൂര്‍ഛിച്ചു നില്‍ക്കുന്നു,പോരാത്തതിനു വെറൊരെണ്ണോം.
ട്രെയിന്‍ യാത്രയുടെ ഭൂരി ഭാഗവും ടെലി കൊന്‍ഫെറെന്‍സുകള്‍ കാര്‍ന്നു തിന്നു. ഒന്നു നിവര്‍ന്നു നിക്കാന്‍ സമയം കിട്ടിയതു ഇപ്പോളാണു.എന്നു വച്ചു എല്ലാം മംഗളം എന്നല്ല.പൊട്ടലും ചീറ്റലും നാനാഭാഗത്തും നിന്നും കേള്‍ക്കുന്നതിനാല്‍ ആരും ആരേക്കാളും മെച്ചമല്ല എന്ന സമത്വ സുന്ദര ഭാവം എല്ലാവരിലും വളര്‍ന്നിരിക്കുന്നു. ആ നിര്‍ത്തിയിടത്തു നിന്നു തുടങ്ങാം..റെഡ് വുഡ് മരങ്ങള്‍ അത്ര നിസ്സാരക്കാരല്ല.ചില വസ്തുതകള്‍ കേള്‍ക്കൂ…ലോകത്തിലേ എറ്റവും ഉയരം കൂടിയ വനങ്ങള്‍ എതു എന്നു ചോദ്യം..കാലിഫോര്‍ണിയയിലേയും ഓറിഗണിലേയും റെഡ് വുഡ് വനങ്ങള്‍ ലോകത്തിലേ ഏറ്റവും ഉയരം കൂടിയസസ്യ മേലാപ്പു ചൂടുന്നു.മൂന്നു കൊന്നത്തെങ്ങുകളുടെ ഉയരം വരും ഒരു സാധാരണ വഴിപോക്കന്‍ മരത്തിനു.
ഇന്നു ജീവിച്ചിരിക്കുന്ന പ്രാണികള്‍ക്കൊന്നും റെഡ് വുഡ് മരത്തേ ഒരു ചുക്കും ചെയ്യാനാവില്ല. ഒരടിയോളം എത്തുന്ന തൊലിക്കട്ടി തന്നേ കാരണം.എന്നാല്‍ തീയിട്ടു നോക്കാം…രക്ഷയില്ല…റെഡ് വുഡിന്റേ തൊലിയില്‍ അടങ്ങിയിരിക്കുന്ന രാസ പദാര്‍ത്ഥങ്ങള്‍ അഗ്നി ശമനികള്‍ ആണു.ഇടയ്ക്കിടക്കു ഉണ്ടാവുന്ന കാട്ടു തീ ഇവക്കു ഒരു അനുഗ്രഹം ആണു.ചുറ്റിലും വളരുന്ന കുറ്റിച്ചെടികളും,മുളക്കാന്‍ മാത്രം ധൈര്യം കാണിച്ച മറ്റു മരങ്ങളും കത്തി ചാമ്പലായീ വളം ആവും.
ഏതൊരു ഉഷ്ണമേഖലാ മഴക്കാടുകളേക്കാളും പത്തിരട്ടി ബയൊ മാസ്സ് ഈ വനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.സൂര്യ താപം പ്രതിരോധിക്കാന്‍ ഇവ ചെയ്യുന്ന പണിയാണു എറ്റം അല്‍ഭുതകരം. പടുകൂറ്റന്‍ മരങ്ങള്‍ എല്ലാം ചേര്‍ന്നു മേഘങ്ങള്‍ നിര്‍മ്മിക്കുന്നു.വനാതിര്‍ത്തിയിലുള്ള മരങ്ങള്‍ക്കു തലപ്പൊക്കം കൂടും.കൂടുതല്‍ വെളിച്ചവും വായുവും കിട്ടുന്നതതു തന്നേ കാരണം.ഇവ കാറ്റിനേ പ്രതിരോധിച്ചു മേഘങ്ങളേ പറന്നു പോകുവാന്‍ അനുവദിക്കാതേ തടുത്തു നിര്‍ത്തുന്നു.ഈ മേഘങ്ങള്‍ സൂര്യനേ മറയ്ക്കുന്നു.അങ്ങനേ വനത്തിനുള്ളിലാകേ ഈര്‍പ്പം നിറഞ്ഞ ശീതളിമ… വൈകുന്നേരമാവുമ്പോള്‍ മേഘങ്ങള്‍ തണുത്തു കനത്ത മൂടല്‍ മഞ്ഞായീ രൂപാന്തരപ്പെടുന്നു.ഇതു തിരികേ മണ്ണിലേക്കിറങ്ങി മരങ്ങളെ തണുപ്പില്‍ പുതപ്പിക്കുന്നു.രാത്രി കാലങ്ങളില്‍ ഈ മൂടല്‍ മഞ്ഞില്‍ നിന്നുംഈര്‍പ്പം വലിച്ചെടുത്തു അടുത്ത ദിവസത്തെ ശീതീകരണ പ്രക്രിയക്കു തയ്യാറെടുക്കുന്നു.
ഹെന്തൊരു മരം അല്ലേ…ഇവ സാമൂഹിക ജീവികളാണു.വേരുകളില്‍ നിന്നും പുതിയ തലമുറ പൊട്ടി മുളക്കുന്നു…പല മരങ്ങളുടെയും വേരുകള്‍ ഇഴ ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നതു.ചെറുപ്പക്കാരായ മരങ്ങള്‍ അപ്പൂപ്പന്‍ മരത്തിനു സ്വന്തം വേരുകള്‍ വഴി വെള്ളവും വളവും നല്‍കുന്നു. തലമുറകള്‍ ഒരുമയോടെ വളരുന്നു…രസകരമായ വേറൊരു കാര്യം ചില മരക്കൂട്ടങ്ങളുടെ ആകൃതിയാണു.ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ പൊലേയുള്ള ചില മരക്കൂട്ടങ്ങള്‍ (നക്ഷത്രക്കൂട്ടങ്ങള്‍ കണക്കേ) കത്തീഡ്രല്‍ ഫോര്‍മേഷന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നു.
കാട്ടിലൂടെയുള്ള യാത്ര നന്നേ പിടിച്ചു.ഏകദേശം 4 മണിയോടെ കാലിഫോര്‍ണിയയുടെ അതിര്‍ത്തി നഗരമായ ക്രെസന്റ് സിറ്റിയില്‍ എത്തി.ഞങ്ങള്‍ ചെന്ന ദിവസം ബീച്ചില്‍ വാര്‍ഷിക പട്ടം പറത്തല്‍ മേള അരങ്ങു തകര്‍ക്കുകയാണു.ചില പട്ടങ്ങള്‍ക്കു വലിപ്പം ഒരു ചെറിയ കപ്പലോളം വരും.ഏറ്റവും രസകരമായീ തോന്നിയതു കരടി കുടുംബത്തിന്റേ മാതൃകയില്‍ രൂപപ്പെടുത്തിയ പട്ടമാണു. കാലിഫോര്‍ണിയയുടെ ദേശീയ മൃഗം കൂടിയാണു കരടി.തേന്‍ കുടുക്കകളുടെ മാതൃകയില്‍ ആണു വാല്‍…
ഇതേതാ ഈ ദരിദ്രവാസി റ്റൂറിസ്റ്റുകള്‍ എന്ന മട്ടില്‍ ഞങ്ങളെ എല്ലാവരും കൗതുകത്തോടെ നൊക്കി.ഒടുവില്‍ മാനം രക്ഷിക്കാന്‍ ഒരു ചെറിയ-അത്ര ചെറുതൊന്നുമല്ല കൂറ്റന്മാരുടെ ഇടയില്‍ കുട്ടി കണക്കേ എന്നു കൂട്ടിക്കോ- പട്ടം വാങ്ങി.സായിപ്പിന്റേ പട്ടത്തിനു രണ്ടു ചരടു.ഒറ്റ ചരടു തന്നേ നിയന്ത്രിക്കാനുള്ള പെടാപ്പാടു നമുക്കേ അറിയൂ.ഈര്‍ക്കില്‍ കൂട്ടിച്ചേര്‍ത്തു … പത്രത്താളുകാള്‍ ചീന്തി…കഞ്ഞിപ്പശ വച്ചു ഒട്ടിച്ച പട്ടം തന്നേ ഭേദം എന്നു തോന്നി.
പുഷ്പക വിമാനത്തിന്റെ നാട്ടുകാര്‍ വെറും ഒരു പട്ടം പറത്തുന്നതില്‍ പരാജയപ്പെട്ടെന്നോ.സായിപ്പേ ഇതൊന്നും ഞങ്ങള്‍ക്കു പുത്തരിയല്ല,പുന്നെല്ലിന്റേയും കുത്തരിച്ചോറിന്റേയും നാട്ടുകാരായ ഞങ്ങള്‍ ഒരു പീറ പട്ടത്തിന്റെ മുന്‍പില്‍ തോല്‍ക്കുമോ?…പഴയ മുദ്രാവാക്യം ഒരെണ്ണം ഒര്‍മയില്‍ വന്നു….
ഹിറ്റ് ലര്‍ തോറ്റു
മുസ്സോളനി തോറ്റു
വീര പരാക്രമി സീസറു തോറ്റു
ഞങ്ങക്കെന്താ തോറ്റൂടെ
തോല്‍ വി നിങ്ങടെ കുത്തകയാണോ
ഒടുവില്‍ സഹതാപം തോന്നിയ ഒരു സായിപ്പു പട്ടം പറത്തലിന്റെ രീതി (method) പറഞ്ഞു തന്നു. പിന്നേ പട്ടം പറന്നു കളിക്കാന്‍ താമസമുണ്ടായില്ല.
അങ്ങനേ വിജയശ്രീലാളിതരായീ ഞങ്ങള്‍ വീണ്ടും കാനന യാത്ര തുടര്‍ന്നു.ഒന്നു രണ്ടു മാനുകള്‍ കുറുകേ ചാടി.ഇവിടം എല്‍ക്ക് എന്നറിയപ്പെടുന്ന മാനുകള്‍ ധാരാളം കാണപ്പേടുന്ന സ്ഥാലമാണു.അടുതുള്ള ഒരു പുല്‍മേട്ടില്‍ എല്‍ക്കുകള്‍ കൂട്ടമായീ ഇറങ്ങിയിട്ടുണ്ടു എന്നു റേഡിയോയില്‍ വിവരം ലഭിച്ചു.ഞങ്ങള്‍ പുല്‍മേട്ടിലേക്കു തിരിച്ചു.ഒരു പറ്റം എല്‍ക്കുകള്‍ ..ഒരു പത്തിരുപതെണ്ണം കാണും.. നിന്നു പുല്ലു തിന്നുന്നു.തിരിച്ചുള്ള യാത്രയില്‍ ഒരു എല്‍ക്കിന്‍ കുട്ടി വണ്ടിയിടിച്ചു റോഡില്‍ മരിച്ചു കിടന്നതു സങ്കടപ്പെടുത്തുന്ന ഒരു ഓര്‍മ്മയായീ.
ഒടുവില്‍ ഓറിഗണില്‍ ഉള്ള ബ്രൂക് ലിന്‍ നഗരത്തില്‍ എത്തി.നല്ല വിശപ്പു.ഒരു മെക്സിക്കന്‍ റെസ്റ്ററന്റില്‍ കേറി ചോറും റ്റൊര്‍റ്റിയയും-പത്തിരിയുടെ വകഭേദം- കഴിച്ചു.രാത്രി തങ്ങാന്‍ ഓര്‍വിക്കില്‍ മുറിയെടുത്തിരുന്നതിനാല്‍ അവിടേക്കു തിരിച്ചു.നേരം ഇരുട്ടിയതോടെ മൂടല്‍ മഞ്ഞു വ്യാപിച്ചു കാടെല്ലം വല്ലാതെ ഇരുട്ടു നിറഞ്ഞു.ഫോഗ് ലൈറ്റ് ഇല്ലാതതിനാല്‍ പലയിടത്തും റോഡ് ഏതു കുഴി ഏതു എന്നു തിരിച്ചറിയാന്‍ പറ്റിയില്ല.ഒന്നു രണ്ടു തവണ പോയീ എന്നു കരുതിയതാണു.ഒറ്റുവില്‍ ഒരു ട്രക്കിന്റെ പിന്നാലെ കൂടി.
റൂമിലെത്തി ചൈനീസ് വന്മതിലിനേക്കുറിച്ചുള്ള ഡോക്ക്യുമന്ററി കണ്ടു ഉറങ്ങി.നേരം വെളുത്തു കണ്ണു തുറന്നപ്പോള്‍ ജനാലക്കരികില്‍ ഒരു കുതിര നിന്നു മുറുമുറുക്കുന്നു.സത്രക്കാരന്റേ കുതിര ആണു എന്നു തോന്നുന്നു.
രാവിലേ തന്നേ മടക്ക യാത്ര ആരംഭിച്ചു.കുതിരകള്‍ മേയുന്ന പുല്‍മേടുകള്‍ പലതും കണ്ടു.ചിലയിടങ്ങളില്‍ കുതിരകളെ പരിശീലിപ്പിക്കുന്നുമുണ്ടു.കടലിനു അരികേ കീഴ്ക്കാം തൂക്കായീ നില്‍ക്കുന്ന ഒരു പുല്‍മേടു കണ്ടു.ഭൂമികുലുക്കം മൂലം ഇവിടം മൊത്തത്തിലേ ഇളകി മറിഞ്ഞാണു നില്‍ക്കുന്നതു.ചില ഭാഗങ്ങള്‍ കടലിലേക്കു അടര്‍ന്നു വീണു കഴിഞ്ഞു.പുല്‍മേട്ടിലേക്കു ഇറങ്ങിയതും ഒറ്റപ്പെട്ട ഒരു എല്‍ക്കു ഒരൊറ്റയോട്ടം.ആദ്യം പേടിച്ചു ….പക്ഷേ പേടിക്കേണ്ട കാര്യമില്ല.ആകെയുള്ളതു മാനും കരടിയും മാത്രമാണു.കരടികള്‍ ഉള്‍വനത്തില്‍ മാത്രമേ കാണൂ.
കടലിന്നരികേ പൊയീ കുറച്ചു നേരം കാറ്റുകൊണ്ടു.തണുത്തു വിറങ്ങലിക്കുമെന്നായപ്പോള്‍ തിരികേ പോന്നു.ഇടക്കെവിടേയോ അമേരിക്കന്‍ ആദിവാസികളായ റെഡ് ഇന്‍ഡ്യന്‍ വംശക്കാര്‍ക്കു വേണ്ടിയുള്ള സംരക്ഷിത മേഖല കണ്ടു.സന്ദര്‍ശകര്‍ക്കു വിലക്കു ഏര്‍പ്പെടുത്തിയിട്ടുണ്ടു.
റെഡ് വുഡ് വാലി പിന്നിട്ടു വീണ്ടും ഞങ്ങള്‍ സഞ്ചാരം 1 ലൂടെ ആക്കി.പഴകിപ്പൊളിഞ്ഞ മീന്‍പിടുത്ത ബോട്ടുകള്‍ കൂടിച്ചേര്‍ന്നു വല്ലാതേ മൂകമായ ഒരു സ്ഥലത്തു എത്തി.ബോട്ടുകള്‍ പൊളിച്ചു ശരിപ്പെടുത്തുകയാണു ഇവിടെ ജീവിക്കുന്നവരുടെ തൊഴില്‍.കുറച്ചു നേരം നാട്ടു കാരോടു വര്‍ത്തമാനം പറഞ്ഞു ഇരുന്നു.തുടര്‍ന്നു നെവാര നദിയുടേ അരികില്‍ കൂടി പൊകുന്ന ഹൈ വേ 128 ശ്രദ്ധയില്‍ പെട്ടു.നെവാര നദി കണ്ടു കളയാം എന്നു തീരുമാനിച്ചു.പലയിടത്തും നദി ചുരുങ്ങി നീര്‍ക്കോലിക്കു നീന്താന്‍ പോലും ഇടം ഇല്ല എന്നായീ.തിരിച്ചു വീണ്ടും 101-ല്‍ എത്തിപെട്ടു.അധികം വൈകാതേ ഓക് ലാന്റില്‍ എത്തി ടാകോ യും -അരിമാവു കൊണ്ടുള്ള പപ്പടം കണക്കേ ഒരു- വക ഗ്വാക്കോമോളി യും- ഇതു വിശദീകരിക്കാന്‍ അല്‍പം ബുധിമുട്ടാണു. അവക്കടദോശ്(ചിരിക്കരുതു…) എന്നറിയപ്പെടുന്ന ഒരു പഴത്തിന്റേ മംസവും പിന്നേ പയറു,പുല്ലു എല്ലാം കൂടി അരച്ചു ചേര്‍ത്ത ഒരു കൊഴമ്പു…അങ്ങനേ ഒരു യാത്ര അവിടെ അവസാനിച്ചു
കോപ്പര്‍ ഗ്ലോറി
ജനുവരി 27, 2008
ശ്രീകുമാര്‍ രാവിലെ എഴുന്നേറ്റു.ലാപ്റ്റോപ് ഉറയിലിട്ടു.പുതിയ വാഹനം ഒന്നു പരീക്ഷിക്കണം.
കുതിരയേ അഴിച്ചു.ജീനി മുറുക്കി.കുഞ്ചി രോമങ്ങളില്‍ വിരലോടിച്ചു.അഴകൊത്ത ഒരു ചെമ്പന്‍ കുതിര-കോപ്പര്‍ ഗ്ലോറി.ഓട്ടത്തിനിടെ കുഴഞ്ഞു വീണു പന്തയക്കുതിരയേ ആണു സെകന്റ് ഹാന്‍ഡ് വിലക്കു കിട്ടിയിരിക്കുന്നതു. ഒരിക്കല്‍ കുഴഞ്ഞു വീണു എന്നേയുള്ളൂ അല്ലാതേ കുഴപ്പമൊന്നുമില്ല.ഭാഗ്യം കൈവിട്ട കുതിരയുടെ പുറത്തു ആരും പന്തയം വെക്കില്ല.വില്‍ക്കുകയല്ലാതേ ഉടമക്കു വേറെ നിവൃത്തിയില്ല.
നഗരത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന വാഹനപ്പെരുപ്പം എല്ലാരേയും പോലെ ശ്രീകുമാറിനേയും അലോസരപ്പെടുത്തി.. ചില അവസരങ്ങളില്‍ അതയാളെ പേടിപ്പെടുത്തി.ശ്രീകുമാര്‍ ചിന്തിക്കുന്നു….ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യുന്നു.രണ്ടാമത്തേ മകളുടെ ഭാവിയെക്കുറിച്ചു ആലോചിച്ചിട്ടു എവിടെയും എത്താത്തതിനാല്‍ ഒരു വിവാഹം പോലും കഴിച്ചിട്ടില്ല.പ്രധാനപ്പെട്ട മീറ്റിങ്ങുകള്‍ രണ്ടെണ്ണത്തില്‍ വാഹന തടസ്സം മൂലം പങ്കെടുക്കാനായില്ല.ലിത്വാനിയയിലേക്കുള്ള ഫ്ലൈറ്റ് മിസ്സായീ.മേലധികാരികള്‍ മുഖം കറുപ്പിച്ചു.ഇങ്ങനേ പോയല്‍ തന്റേ ഭാവി അവതാളത്തിലാവും…
ഒരു പോംവഴി ചിന്തിച്ചു കൊണ്ടിരിക്കേയാണൂ കോപ്പര്‍ ഗ്ലോറിയുടേ വില്‍പ്പന പരസ്യം വാരാന്ത പതിപ്പില്‍ കണ്ടതു.മസ്തിഷ്കം പെട്ടെന്നുണര്‍ന്നു.രാജകീയ പ്രൗഡി.ലൈസെന്‍സ് വേണ്ട,റോഡ് ടാക്സ് അടക്കണ്ട, നിരത്തിലൂടെയും ഫുട് പാത്തിലൂടെയും സൗകര്യം പോലെ പോകാം .ഇടവഴികളിലൂടെ കുതിച്ചു പായാം.. പൊതു ജനം ആദരവോടേ വഴി മാറും,പാര്‍ക്കിംഗ് ഫീ വേണ്ട,വെള്ളിയാഴ്ചകളില്‍ അല്‍പം മദ്യപിച്ചാലും കുഴപ്പമില്ല വിശ്വസ്തനായ കുതിര വീട്ടിലെത്തിച്ചോളും …മലിനീകരണം പരത്തുന്ന വിസര്‍ജ്യങ്ങളില്ല,ഉള്ളതു കൊണ്ടാവട്ടേ മുറ്റത്തേ മുല്ലകള്‍ക്കും റോസാച്ചെടികള്‍ക്കും വളമിടാം.അങ്ങനേ കോപ്പര്‍ ഗ്ലോറി വീട്ടിലെത്തി…
ഒറ്റക്കുതിപ്പിനു കുതിരപ്പുറത്തു കയറി.ആവനാഴി ചുമലില്‍ തൂക്കി,ചോള രാജാവിനെപ്പോലെ യാത്ര ആരംഭിച്ചു.ഊടു വഴികള്‍ പിന്നിട്ടു നഗര വീഥിയിലെത്തി.നിന്നു തിരിയാന്‍ ഇടയില്ലാത്ത തിരക്കു.ഇടത്തോട്ടു വെട്ടിച്ചു കടിഞ്ഞാണ്‍ മുറുക്കി.കുതിര തല പൊക്കി ചാടി . ചിനച്ചു ഹോണ്‍ അടിച്ചു.ആള്‍ക്കാര്‍ പേടിച്ചരണ്ടു വഴി മാറി.
എല്ലാ ദിവസതേയും പോലെ പലയിടത്തും ഗതാഗതക്കുരുക്കുകള്‍.ഫുട് പാത്തിലൂടെ വഴി മാറി സഞ്ചരിച്ചു. കൊന്നപ്പൂക്കുലകളില്‍ നിന്നും പൂക്കള്‍ അടര്‍ന്നു തുടങ്ങിയിരിക്കുന്നു.പാതയോരങ്ങളില്‍ വീണു കിടക്കുന്ന ഇതളുകള്‍ ചവിട്ടി മെതിച്ചു കോപ്പര്‍ ഗ്ലൊറി മുന്നോട്ടു കുതിച്ചു. വൈദ്യുത കമ്പികളില്‍ തല മുട്ടാതിരിക്കാന്‍ ഇടക്കിടക്കു ശ്രീകുമാര്‍ തല കുനിച്ചു,അല്ലാത്തപ്പോള്‍ അന്തരീക്ഷത്തിലേ വായു മുഴുവന്‍ വലിച്ചെടുത്തു നെഞ്ചു വിരിച്ചു തല ഉയര്‍ത്തി തന്നേ ഇരുന്നു.വഴിയാത്രക്കാരായ ചിലര്‍ വായു കിട്ടാന്‍ പണിപ്പെട്ടു അല്‍പ നേരം ആസ്ത്മാ രോഗികളേ പോലേ കിതച്ചു.
നിരത്തിലിറങ്ങി വീണ്ടും കുതിച്ചു.പെട്ടെന്നു ഒരു കുട്ടി മുന്നില്‍ ചാടി,ആരവിടെ എന്നലറിയെങ്കിലും ആരും കേട്ടില്ല,പെട്ടെന്നു കടിഞ്ഞാണ്‍ മുറുക്കിയെങ്കിലും കോപ്പര്‍ ഗ്ലോറി അടുത്ത കുതിപ്പു തുടങ്ങിക്കഴിഞ്ഞിരുന്നു. കുളമ്പടിയേറ്റു ചതഞ്ഞ ദേഹം കാണാന്‍ കഴിവില്ലാതേ ചോള രാജാവു മുഖം പൊത്തി .പക്ഷേ ഒരല്‍ഭുതം സംഭവിച്ചു.
ചെമ്പന്‍ രോമങ്ങള്‍ പിളര്‍ത്തി രണ്ടു വെള്ളിച്ചിറകുകള്‍.ഞൊടിയിടയില്‍ ഗുല്‍മോഹര്‍ മരങ്ങള്‍ക്കും പൂവരശുകളുടെ വര്‍ണ്ണതലപ്പുകള്‍ക്കും മീതേ കുതിര പാഞ്ഞു. നഗര വീഥികള്‍ എത്ര നിര്‍ദയമായീ മരങ്ങളേ ഞെരുക്കുന്നു എന്നു അയാള്‍ കണ്ടു.ആല്‍മരത്തില്‍ കൂടുകെട്ടിയിരുന്ന പരുന്തുകള്‍ തലക്കു മീതേ വട്ടമിട്ടു നിരന്നു.പക്ഷേ വഴിയാത്രക്കാര്‍ ഇതൊന്നും ശ്രദ്ധിച്ചില്ല .അവരെല്ലാരും തന്താങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളിലേക്കു പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണു.ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തന്നേ സമയമില്ല പിന്നല്ലേ തലയ്ക്കു മുകളില്‍ നടക്കുന്ന കാര്യങ്ങള്‍ .
ഉന്നതങ്ങളില്‍ ഇരുന്നുകൊണ്ടു ഇതെല്ലാം ശ്രീകുമാര്‍ നോക്കിക്കണ്ടു…അയാള്‍ അവരിലൊരാള്‍ അല്ലാതേ ആദ്യമായീ അവരേ നൊക്കി.ദുസ്സഹം തന്നേ മനുഷ്യരുടെ ജീവിതം…നഗരാതിര്‍ത്തികള്‍ക്കപ്പുറം മുന്തിരിത്തോപ്പുകള്‍ കാണാം… അതിനുമപ്പുറം അതിര്‍ത്തികള്‍ കാണാനില്ല..ആകെ ഒരു മൂടല്‍ മഞ്ഞു മാത്രം.സൂര്യന്റേ ഉജ്ജ്വല പ്രഭയില്‍ കോപ്പര്‍ ഗ്ലോറി മിന്നിത്തിളങ്ങി. ഓഫീസ് സമുച്ചയം കാണുമാറ യീ.
പാര്‍ക്കിംഗ് ലോട്ടിന്റേ ഒഴിഞ്ഞ മൂലയില്‍ ആരും കാണാതേ പറന്നിറങ്ങി.ജീനിയുടെ അരികില്‍ നിന്നും ടാര്‍പ്പോളിന്‍ എടുത്തു മൂടനൊരുങ്ങവേ പാറവുകാരന്‍ പാഞ്ഞെതി.ആവനാഴിയില്‍ വിരലുകളിട്ടു, തിരിച്ചറിയല്‍ കാര്‍ഡ് പുറത്തെടുത്തു..അയാള്‍ ഭവ്യതയോടെ ഒഴിഞ്ഞു മാറി.രണ്ടു കിലോ തക്കാളി വാങ്ങി,അടുത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നും ഒരു ബക്കറ്റും .ടാപ് തുറന്നു വെള്ളമൊഴിച്ചു,ഒരല്‍പം ഉപ്പു വിതറി .. മുതിര നനച്ചു വച്ചു.. തുടര്‍ന്നു ഉന്മേഷവാനായീ ജോലി തുടങ്ങി…
വൈകുന്നേരം ജോലികഴിഞ്ഞു തിരിച്ചു പോകാനൊരുങ്ങി .. റ്റാര്‍പോളിന്‍ പൊക്കി നോക്കി ഒന്നു രണ്ടു വെള്ളിത്തൂവലുകള്‍ മാത്രം.അകത്തു കയറി അയാള്‍ കണ്ണടച്ചിരുന്നു.
യജമാനനേ… കുതിര ഉപേക്ഷിച്ചു പോയ വാക്കുകള്‍ മുഴങ്ങി..മഞ്ഞു മലകള്‍ക്കപ്പുറെയുള്ള താഴ്‌വാരത്തില്‍ സ്വഛന്ദം പറന്നു നടന്ന ജീവികളാണു ഞങ്ങള്‍.കൊടുങ്കാറ്റില്‍ പെട്ടു ചിറകുകള്‍ കുഴഞ്ഞു മുന്തിരിത്തോപ്പില്‍ വീണ ഞങ്ങളേ ഏതാനും മനുഷ്യര്‍ കീഴ്പ്പെടുത്തി.വായുവിനേക്കാളും വേഗത്തില്‍ കുതിക്കുവാനുള്ള കഴിവു മനസ്സിലാക്കി പന്തയക്കുതിരകളാക്കി പരസ്പരം മല്‍സരിപ്പിച്ചു.
ചിറകുകള്‍ ഉയര്‍ത്താന്‍ തുനിഞ്ഞപ്പൊഴൊക്കേ അടിച്ചൊതുക്കി,ഞാനൊഴികേ എല്ലാവരും മുതുകു തകര്‍ന്നു മരണമടഞ്ഞു.ഇനി പറക്കാന്‍ സാധിക്കില്ലാ എന്നു കരുതി ഒരു സാധാരണ കുതിരയായീ അടങ്ങിയൊതുങ്ങി ജീവിക്കാം എന്നു കരുതിയതാണു.അപ്പോളാണു ആ കുഞ്ഞു മുന്നില്‍ ചാടിയതു.എനിക്കു പറക്കാതെ വയ്യെന്നായീ,വിശ്വസിക്കാന്‍ തന്നേ എനിക്കു കഴിയുന്നില്ല,മൂടല്‍ മഞ്ഞിനുമപ്പുറം ഞാന്‍ എന്റേ ദേശം കണ്ടു.എനിക്കു പോകാതേ വയ്യ.താങ്കള്‍ എന്നെങ്കിലും ഇവിടം ഉപേക്ഷിച്ചു മഞ്ഞുമലകള്‍ക്കപ്പുറത്തേക്കു വരികയാണെങ്കില്‍ നിങ്ങളെ പുറത്തിരുത്തി പറക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ.
ഒരു രാത്രി മുഴുവന്‍ അയാള്‍ ഗാഡമായീ ചിന്തിച്ചു.പിറ്റേ ദിവസം ശ്രീകുമാര്‍ രാജിക്കത്തു നല്‍കി,മഞ്ഞു മലകള്‍ക്കപ്പുറത്തുള്ള പറക്കുന്ന കുതിരകളുടെ ദേശത്തിലേക്കു ഞാന്‍ എന്റെ കുതിരയെ അന്വേഷിച്ചു പോകുന്നു…
വെള്ളിയാഴ്ച
ജനുവരി 27, 2008
ഇന്നലേ വൈകുന്നേരം പഴയ ഒരു സഹ പ്രവര്‍ത്തകനേ ട്രെയിനില്‍ വച്ചു കണ്ടു മുട്ടി.പാക്കിസ്ഥാനിയാണു.ഞങ്ങളിരുവരുടേയും കുശലാന്വേഷണങ്ങള്‍ കേട്ടാല്‍ സഹോദരന്മാര്‍ എന്നേ പറയൂ.ഇരുവര്‍ക്കും സ്വന്തമായീ അതിര്‍ത്തികളില്ലാത്ത ഒരു രാജ്യത്തു അതിര്‍ത്തി തര്‍ക്കത്തിനു സ്ഥാനമില്ലല്ലോ.പറ്റുമെങ്കില്‍ ഒരുമിച്ചു എന്തെങ്കിലും ചെറു സംരംഭം തുടങ്ങാം എന്നു പറഞ്ഞാണു പിരിഞ്ഞതു.സംരംഭങ്ങള്‍ ഒന്നുമില്ലേല്‍ ആകാശം ഇടിഞ്ഞു വീഴുമോ ആവോ…എന്താണെലും സംരംഭം വരട്ടേയ് അപ്പോള്‍ ആലോചിക്കാം എന്നു മറുപടി പറഞ്ഞു ഒഴിഞ്ഞു.
വൈകുന്നേരം വീട്ടിലെത്തി,കോഴിക്കറി വച്ചു.റൂം മേറ്റിന്റെ സഹായഹസ്തങ്ങള്‍ കൂടിയായപ്പോള്‍ അധികം മിനക്കേടില്ലാതേ പണി തീര്‍ന്നു.സിനിമ കണ്ടു, മണി പന്ത്രണ്ടായീ കിടന്നുറങ്ങിയപ്പോള്‍.ഒരു തമിഴ് പുലി ഉണ്ടു കൂടെ താമസം ..കിരണ്‍ …അങ്ങേരുടെ വിക്രിയകള്‍ക്കു അന്തമില്ല …സമയം കിട്ടുന്ന മുറക്കു വിശദമായീ എഴുതാം.
രാവിലേ റെയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോളേക്കും ട്രെയിന്‍ പോയിക്കഴിഞ്ഞു.പ്ലാറ്റ് ഫോമിനരികേയുള്ള തട്ടു കടയില്‍ നിന്നും ഒരു സാന്‍ വിച്ച് വാങ്ങി കഴിച്ചു.ഇന്നു കാര്യമായ പണി ഒന്നും ഇല്ല.. വൈകിയാലും കുഴപ്പമില്ല…ഒരു ബുക്ക് കയ്യില്‍ കരുതിയിരുന്നതു വായിച്ചു തീര്‍ത്തു.ഉച്ചയായതും വെറുതേ നടക്കാനിറങ്ങി,ബ്രോഡ് വേയിലൂടെ നടന്നു ഫിഷര്‍ മാന്‍സ് വാര്‍ഫില്‍ എത്തി.അവിടേ ഒരു നാവിക മ്യൂസിയം ഉണ്ടു.രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഒരു മുങ്ങിക്കപ്പലും,അല്‍പം മാറി ഒരു പടക്കപ്പലും സന്ദര്‍ശകരേ കാത്തു കിടക്കുന്നു.
കടലിന്നഭിമുഖമായീ പഴയ ഒരു ഭക്ഷണപ്പീടിക . കല്ലുമ്മേക്കായ മാവില്‍ മുക്കി പൊരിച്ചതും കിഴങ്ങു വറുവലും വാങ്ങി. കെച്ചപ്പ് തൂകി…അല്‍പം മാറി ഒരു ആഫ്രിക്കന്‍ വംശജന്‍ ഭ്രാന്തമായീ ചെണ്ട മുഴക്കുന്നു.ദേഹം മുഴുവന്‍ ഈയം പൂശി ഒരാള്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.ചിലര്‍ നാണയത്തുട്ടുകള്‍ നിക്ഷേപിച്ചു കടന്നു പോയീ. അന്തരീക്ഷം കൊള്ളം. ആദ്യം ഒന്നു മടിച്ചു …ജോലി ദിവസമല്ലേ…പിന്നേ ഒരു കൊറോണ എക്സ്ട്രാ വാങ്ങി.കുപ്പിയുടെ വായില്‍ തിരുകിയിരുന്ന ചെറു നാരങ്ങ കഷണം ഉള്ളിലേക്കു തള്ളി.ബെഞ്ചിന്റെ ഒഴിഞ്ഞ കോണില്‍ പൊയീ പുറങ്കടലിലേക്കു നോക്കി ഇരുന്നു.
പെലിക്കനുകളുടെ വലിയ ഒരു കൂട്ടം കടല്‍ പരപ്പില്‍ തെന്നിപ്പറന്നു ഒരു യാത്ര കപ്പലിനേ പിന്തുടര്‍ന്നു പൊയീ.ഭക്ഷണത്തിന്റേ സാമീപ്യം മൂലം കുറെ പ്രാവുകള്‍ അവിടേ തത്തി നടക്കുന്നു.സൂത്രശാലിയായ ഒരു കടല്‍ക്കാക്ക കടലിന്നരികേ ഒരു മദാമ്മയുടെ പിന്നില്‍ കൂടി പതുങ്ങിപ്പറന്ന്, വിദഗ്ദ്ധനായ ഒരു പൊക്കറ്റടിക്കാരനേപ്പോലെയ് അരികില്‍ വച്ചിരുന്ന ഭക്ഷണപ്പൊതി റാഞ്ചിയെടുത്തു കടലിന്റേ സുരക്ഷിതത്വത്തിലേക്കു പറന്നു.വാ പൊളിച്ച മദാമ്മ പ്രാകിക്കൊണ്ടു നടന്നു നീങ്ങി..
ബ്രെഡ് ഒരു ചെറിയ കുടത്തിന്റേ ആകൃതിയില്‍ ചുട്ടെടുത്തു അതിനുള്ളില്‍ കക്കയിറച്ചി സൂപ്പ് ഒഴിച്ചു കഴിക്കുന്നതു ഇവിടുത്തേ തനതായ ഒരു ഭക്ഷണ രീതിയാണു.ഒഴിഞ്ഞ ബ്രെഡ് പുറന്തോടുകള്‍ യാത്രക്കാര്‍ വലിച്ചെറിയുന്നു അതെല്ലാം പ്രാവുകളും കടല്‍ക്കാക്കകളും ചേര്‍ന്നു തിന്നു തീര്‍ക്കുന്നു.വലിയ താറാവിനോളം പോന്ന ഒരു കടല്‍ക്കാക്ക ഇതു തന്റേ സാമ്രാജ്യം എന്ന കണക്കേ മറ്റു കടല്‍ക്കാക്കകളെ തുരത്തിയോടിക്കുന്നു. കടല്‍ക്കാക്ക സാമ്രാജ്യ ദാഹിയായ ജീവിയല്ല.അവ ഒരു പറ്റമായീ സഞ്ചരിക്കുന്നു,ചെറു മീനുകളെയും , കപ്പലുകള്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവഷിഷ്ടങ്ങളും ഒക്കേ കൊത്തി വിഴുങ്ങി ജീവിതം തള്ളി നീക്കുന്നു.പക്ഷേ സ്ഥിരമായീ അല്ലലില്ലാതേ ഭക്ഷണം കിട്ടി തുടങ്ങിയതോടെ,അതിന്റേയുള്ളില്‍ ഭീതിയും വളര്‍ന്നിരിക്കുന്നു,തിന്നു തടിച്ചു പറക്കുവാനുള്ള കഴിവുകൂടി കുറഞ്ഞതോടെ,തന്റേ ഈ ചെറിയ സ്വര്‍ഗം മറ്റാരെങ്കിലും സ്വന്തമാക്കുമെന്ന പേടി മൂലം സ്വന്തം വംശത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.പ്രാവുകള്‍ക്കു വിലക്കൊന്നുമില്ല.
നല്ല വെയില്‍ ….പതിയേ തിരികേ നടന്നു.മാര്‍ക്കെറ്റ് പ്ലാസക്കടുത്തുള്ള പാര്‍ക്കില്‍ എത്തിയപ്പോളേക്കും തളര്‍ന്നു.കുറച്ചു നേരം തണലില്‍ ഇരുന്നു.അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുറേ ആള്‍ക്കാര്‍ ഒരുമിച്ചിരുന്നു സോറ പറയുന്നു.ഞാനാരാണെന്നു നിനക്കു വല്ലോം അറിയാമോ.കെറുവിച്ച ഒരു കറമ്പന്‍ ചോദിച്ചു.മറ്റുള്ളവര്‍ പൊട്ടിച്ചിരിച്ചു.നീയാരേലും ആയിരുന്നെങ്കില്‍ അതു ഞങ്ങളോടു ചോദിച്ചു മനസ്സിലാക്കേണ്ട കാര്യം നിനക്കുണ്ടൊ.ഒരുവന്‍ തത്വം പറഞ്ഞു.പിന്നേ പരസ്പരം ചീത്ത വിളിയായീ.
എഴുന്നേറ്റു ..ഓഫീസിലെത്തി.കുറേനേരം വെറുതേ ഇരുന്നു ബോറടിച്ചു.നാളേ വിവര കൈമാറ്റം ചെയ്യണം.മാനേജര്‍ മൊഴിഞ്ഞു. കാര്യമായ വിവരമൊന്നുമില്ല ..അപ്പം കൈമാറ്റം ആവശ്യമുണ്ടോ.അധികം പണിയില്ല എന്നു അങ്ങേരു കണ്ടു പിടിച്ചൊ?. കോണ്ട്രാക്റ്റ് വെട്ടിച്ചുരുങ്ങുമോ?സംശയം വിട്ടുമാറുന്നില്ല…എന്താണിപ്പോള്‍ ഒരു കൈമാറ്റത്തിന്റേ ആവശ്യം.ഒടുവില്‍ വിവര വിതരണത്തിനു തീയതിയും സമയവും കുറിച്ചു …നാലു മിണ്ടപ്രാണികളുടെ കുറേ നേരത്തേ ഉറക്കം തൂങ്ങലിനു ഞാന്‍ സാഹചര്യമൊരുക്കണം . സമ്മതം തലൈവരേ …
നേരത്തേ പടിയിറങ്ങി. വെള്ളിയാഴ്ച ആണു.അതെന്താണേലും ഒരു വലിയ ആശ്വാസം.വൈകുന്നേരം എന്തെങ്കിലും ഒപ്പിക്കണം