ജനാധിപ്ത്യവും കുതിരകളും
ജനുവരി 27, 2008
പതിവായീ കയറാറുള്ള ട്രെയിന്‍ പതിവു പൊലേ 7:20 നു തന്നേ പുറപ്പെട്ടു.മുനിസിപ്പല്‍ ട്രെയിനില്‍ നിന്നും ചാടി ഓടി കാല്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തി ഇലിഭ്യനായീ.ആ ക്ഷീണം തീര്‍ക്കാന്‍ എന്തെങ്കിലും കഴിക്കാം എന്നു വച്ചു.സ്റ്റേഷനുള്ളില്‍ തന്നേയുള്ള സബ് വേ യില്‍ നിന്നും തന്നേ ആയിക്കളയാം…
നാട്ടില്‍ വച്ചു ഒരിക്കല്‍ പറ്റിയ അക്കിടി ഓര്‍മ വന്നു.കേരള മെസ്സില്‍ നിന്നും മത്തിയും ചോറും,വലരെയേറെ പുളിച്ച പുളിശ്ശേരിയും കഴിച്ചു മടുത്ത ഒരു ദിവസം.നാഗരികരായ സുഹൃത്തുക്കള്‍ ചെയ്യുന്നതുപോലേ ബര്‍ഗര്‍ കഴിച്ചാലൊ എന്നു തോന്നി.എന്തിനു മടിക്കുന്നു…നെഞ്ചു വിരിച്ചു തന്നേ അടുത്തുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ കയറി.അകത്തു കയറിയതും പകുതി ശ്വാസം പോയീ.അവിടെ ഒരു ബര്‍ഗര്‍ അല്ലാ പലയിനം ബര്‍ഗെറുകള്‍ ഉണ്ടു.ബോര്‍ഡു മുഴുവന്‍ വായിക്കാന്‍ പത്തു മിനിറ്റ് എടുത്തു.കൗണ്ടറില്‍ ഇരിക്കുന്ന പയ്യന്‍ ബര്‍ഗെറിന്റേ പേരുകള്‍ പോലും അറിയാത്ത ഈ തെണ്ടി ആരെടേ എന്നു ചോദിക്കുന്നതിനു മുന്‍പു ഒരു വിധത്തില്‍ ഒരെണ്ണം തിരഞ്ഞു പിടിച്ചു.
അടുത്ത ചോദ്യം ഒരു ഇന്ത്യാക്കാരനു ഉത്തരം പറയാവുന്നതിലും അധികമായിരുന്നു. ടുഗോ ഓര്‍ ഫോര്‍ ഹീര്‍.അതെന്താണു തമ്പുരാനേയ് എന്നാലോചിച്ചു.ഒരു പാവപ്പെട്ട ബര്‍ഗെര്‍-നു ഇയാള്‍ പറയുന്നതുമായീ എന്തു ബന്ധം.മഹാത്മാ ഗാന്ധി വെടിയേറ്റു വീണ വാര്‍ത്ത കേട്ട മാത്രയില്‍ ഭാരത ജനതയില്‍ ഉണ്ടായ നിശബ്ദതയേ കവച്ചു വച്ചു എന്റേ നിശബ്ദത.സഹായിക്കാന്‍ ആരുമില്ല.
എന്റേ ദയനീയതയില്‍ അലിവു തോന്നി ഒടുവില്‍ പയ്യന്‍ മൊഴിഞ്ഞു.ഇവിടെ ഇരുന്നു തിന്നുന്നൊ അതോ ആരും കാണുന്നതിനു മുമ്പേ പുറത്തെവിടേലും പൊയീ കേറ്റുന്നോ എന്നു.എന്താണേലും നിന്റെ മുന്നില്‍ ഇരുന്നു തിന്നാല്‍ എനിക്കിറങ്ങില്ല ഞാന്‍ എവിടേലും പോയീ തിന്നു തൊലച്ചോളാം എന്നു വിനീത വിധേയനായീ മൊഴിഞ്ഞു.. ശേഷം ചില്ലറക്കു കാത്തു നില്‍ക്കാതേ പരമാവധി വേഗത്തില്‍ പുറതിറങ്ങി സ്വതന്ത്ര ഭാരതത്തിന്റേ മക്കളോടു ചേര്‍ന്നു.ഇനിയൊരിക്കലും ഞാന്‍ ബര്‍ഗര്‍ തിന്നില്ല എന്നു ശപഥം ചെയ്തതാണു.പക്ഷേ ജീവിതം എന്നെ വീണ്ടും ബര്‍ഗര്‍ തീറ്റിച്ചു പലതവണ.
മൗണ്ടെഡ് പോലീസിന്റേ കുതിരകള്‍ ചിനച്ചു.ബേസ്ബാള്‍ സ്റ്റേഡിയത്തിനടുത്തു ചില ദിവസങ്ങളില്‍ കണ്ടിട്ടുണ്ടു.ആദ്യമായിട്ടാണു ഇവിടേ കുതിര പോലീസിനേ കാണുന്നതു.ഓര്‍മ്മകളെ കുതിരകള്‍ കെട്ടിവലിച്ചു പിന്നോക്കം കൊണ്ടുപോകുന്നു.കാരണം അവ പോയ കാലഘട്ടത്തിന്റെ ബാക്കി പത്രങ്ങളാണു.പക്ഷികള്‍ എപ്പൊഴും മുമ്പേ പറക്കാന്‍ ഓര്‍മിപ്പിക്കുന്നു. നിരത്തില്‍ നിറയുന്ന ശബ്ദങ്ങളാവട്ടേ ഇന്നില്‍ നമ്മേ പിടിച്ചു നിര്‍ത്തുന്നു.ഒരേ മനുഷ്യന്‍ മൂന്നു കാലഘട്ടങ്ങളില്‍ കാല്‍ ചവുട്ടി നില്‍ക്കുന്നതിന്റേ സുഖം.
ആ സുഖം അധികം നീണ്ടു നിന്നില്ല.. പോലീസുകാരനേയും വഹിച്ചു കൊണ്ടു കുതിര ഇന്നിലൂടെ യാത്രയായീ.
ഏതു വന്‍ നഗരം വേണെമെങ്കിലും എടുത്തു നൊക്കൂ.ചുരുങ്ങിയതു ഇരുപതു കുതിരകള്‍ എങ്കിലും കാണും.ഒന്നുമല്ലാത്ത, ആരും ബഹുമാനിക്കാന്‍ തയ്യാറാവാത്ത ഏതൊരു മനുഷ്യനും ഒരു കുതിരയുടെ മുകളിലിരുന്നാല്‍ പെട്ടെന്നു തന്നേ മാടമ്പിയും ഷെവലിയരും ആകുന്നു.ചിലര്‍ നെപ്പോളിയനേപ്പോലേ അഹങ്കരിച്ചു മുഷ്ടികള്‍ ഉയര്‍ത്തുന്നു.
ജനാധിപത്യത്തിനു പതം വന്നോ എന്നറിയാന്‍ ഒരു എളുപ്പ മാര്‍ഗം നഗരങ്ങളില്‍ നിന്നു കുതിരകള്‍ പിന്‍ വാങ്ങിയോ എന്നു നോക്കുന്നതാവും.ആധിപത്യത്തിനു വ്യക്തികള്‍ താത്പര്യപ്പെടാത്ത ഒരു കാലഘട്ടത്തില്‍ തീര്‍ച്ചയായും കുതിരകള്‍ പുല്‍മേടുകളില്‍ തന്നേ നില്‍ക്കും .